അടിമാലി: മാങ്കുളത്താണ് രണ്ട് വകുപ്പുകൾ തമ്മിലുള്ള കയ്യാങ്കളിയും അതിനു ചുവടു പിടിച്ചുള്ള ജനകീയ പ്രതിഷേധവും നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മാങ്കുളത്ത് നിർമ്മിച്ച വാച്ച് ടവറിനെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതാണ് തുടക്കം. ടവറിലേക്കുള്ള പ്രവേശനം വനംവകുപ്പ് തടയുകയും, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അതിനെ ചോദ്യം ചെയ്തപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും, മെമ്പറെയും ഉദ്യോഗസ്ഥർ മർദ്ദിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യേറ്റത്തിൽ മാങ്കുളത്തെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രകോപിതരായ ജനങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞിട്ട് നടത്തിയ പ്രതിഷേധം രാത്രിയിലും തുടരുകയാണ്. മാങ്കുളം ടൗണിൽ സംഘർഷ സാധ്യതക്ക് സൂചന ലഭിച്ച മൂന്നാർ ഡിവൈഎസ്പി പോലീസ് സംഘവുമായി പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രണ്ടു പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.