കയര്‍ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ

കയര്‍ വ്യവസായം സംരക്ഷിക്കാൻ സമഗ്രമായി ഇടപെടും: മുഖ്യമന്ത്രി പിണറായി വിജയൻ
alternatetext

ആലപ്പുഴ: ആലപ്പുഴയിലെ കയര്‍ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടുബന്ധിച്ച്‌ കലവൂര്‍ കാമിലോട്ട് കണ്‍വെൻഷൻ സെന്ററില്‍ നടന്ന ആലപ്പുഴ ജില്ലയിലെ ആദ്യ പ്രഭാത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് യോഗത്തിലുയര്‍ന്ന ആശങ്കകളോട് മുഖ്യമന്ത്രി പ്രതികരിച്ചു.

ഉത്പന്ന വൈവിധ്യവത്കരണമാണ് കയര്‍ മേഖലയ്ക്കാവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദകര്‍, തൊഴിലാളി സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരുമായെല്ലാം ചര്‍ച്ച നടത്തി ആവശ്യമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കയര്‍ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയര്‍ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാൻ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭോപ്പാല്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച്‌ കയര്‍ മേഖലയിലെ 50 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി. .

ഇവര്‍ക്ക് 600 രൂപ സ്‌റ്റൈൻഡും നല്‍കിയിരുന്നു. കെട്ടിക്കിടന്ന കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ കഴിഞ്ഞു. കയര്‍ ഫെഡിന്റെ 22 ഗോഡൗണുകളില്‍ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിനായി തൊഴിലാളികളുമായി ചര്‍ച്ച നടത്താനും മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് കയര്‍ മേഖലയിലും എല്ലാ തൊഴില്‍ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കയര്‍ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സംബന്ധിച്ച്‌ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കയര്‍ വ്യവസായത്തെ സംരക്ഷിക്കാൻ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ മാറ്റവും ഈ മേഖലയില്‍ പ്രകടമായി. കയര്‍ തൊഴിലുമായി ബന്ധപ്പെട്ട് വല്ലാതെ അസ്വസ്ഥമായ അന്തരീക്ഷമായിരുന്നു 2016 ന് മുൻപുണ്ടായിരുന്നത്.

പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി. ഇവ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കി. വിലപ്പെട്ട നിര്‍ദേശങ്ങളാണ് യോഗത്തിലുയര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ എല്ലാം ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കും. നല്ല വികസന സാധ്യതയുള്ള ജില്ലയാണ് ആലപ്പുഴ. 2016 നു ശേഷം ആലപ്പുഴയുടെ വികസനം ലക്ഷ്യമിട്ട് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇനിയും കൂടുതല്‍ മുന്നോട്ട് പോകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.