ശബരിമലയിലെ തിരക്ക്:ബുക്കിംഗ് പ്രതിദിനം 90,000 ആയി പരിമിതപ്പെടുത്തണമെന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്ക്:ബുക്കിംഗ് പ്രതിദിനം 90,000 ആയി പരിമിതപ്പെടുത്തണമെന്ന് ഹൈക്കോടതി
alternatetext

ബരിമലയിലെ തിരക്ക് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാനും ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരുടെ എണ്ണം പ്രതിദിനം 90,000 ആക്കി പരിമിതപ്പെടുത്താനും (വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി 80,000, സ്പോട്ട് ബുക്കിംഗ് വഴി 10,000) കേരള ഹൈക്കോടതി ബുധനാഴ്ച ഡിജിപിയോട് ആവശ്യപ്പെട്ടു. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ബുക്കിംഗ് ഇല്ലാത്തവരെ പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പോലീസ് ഉറപ്പാക്കണം. സന്നിധാനത്തും പമ്ബയിലും തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുണ്ടെങ്കില്‍ അത് എരുമേലിയിലും നിലയ്ക്കലിലും അറിയിക്കണം. ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോള്‍ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കണം. സ്പോട്ട് ബുക്കിംഗും വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ദിവസവും അവലോകനം ചെയ്യണം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ കുറവുണ്ടായാല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിംഗിലൂടെ ദര്‍ശനം അനുവദിക്കാനാകും.

ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകരെ പമ്ബയില്‍ നിന്ന് മാറ്റണം. ഇതിനായി നിലയ്ക്കലില്‍ നിന്ന് ഒഴിഞ്ഞുകിടക്കുന്ന ബസുകള്‍ പമ്ബയില്‍ എത്തിക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശശികുമാര്‍ എന്ന ഭക്തൻ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും