ലോക് സഭയിലെ ഭീകരാന്തരീക്ഷം;യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍

ലോക് സഭയിലെ ഭീകരാന്തരീക്ഷം;യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍
alternatetext

ന്യൂഡല്‍ഹി: സുരക്ഷാ സന്നാഹങ്ങളെ വെല്ലുവിളിച്ച്‌ ലോക് സഭയിലെ ശൂന്യവേളയില്‍ രണ്ടു യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവതി അടക്കം ആറുപേര്‍ അറസ്റ്റില്‍. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് സഭയിലേക്ക് എടുത്തുചാടിയ യുവാക്കള്‍ അംഗങ്ങള്‍ക്കു നേരെ പുക സ്പ്രേ പ്രയോഗിച്ചു. 2001ലെ ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിനത്തിലുണ്ടായ പരാക്രമത്തില്‍ സഭയും രാജ്യവും നടുങ്ങി. എം.പിമാര്‍ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഇതേസമയം, പാര്‍ലമെന്റിനു പുറത്ത് യുവതി അടക്കം രണ്ടുപേര്‍ പുക സ്പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ലഖ്‌നൗ സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാര്‍ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝാ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശര്‍മ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടില്‍ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.

മൈസൂരില്‍ നിന്നുള്ള ബി.ജെ.പി അംഗമായ പ്രതാപ് സിംഹ നല്‍കിയ പാസുമായാണ് സാഗറും മനോരഞ്ജനും സന്ദര്‍ശക ഗ്യാലറിയില്‍ വന്നത്. നീലംദേവിയും അമോല്‍ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്. സംഘത്തിന് ഭീകരബന്ധമില്ലെന്നാണ് പൊലീസ് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഇന്നലെ ഉച്ചയ്‌ക്ക് 12.55ന് ശൂന്യവേള നടക്കുമ്ബോള്‍ ലോക്‌സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദര്‍ശക ഗാലറിയിലെ മുൻനിരയില്‍ ഇരുന്ന സാഗര്‍ ശര്‍മ്മയും ഡി. മനോരഞ്ജനും മൂന്നാള്‍ ഉയരത്തില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു.ഡെസ്‌കിനു മുകളിലൂടെ മുദ്രാവാക്യം വിളിച്ച്‌ സ്‌പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി. ഷൂസില്‍ ഒളിപ്പിച്ച പുക സ്പ്രേ ക്യാനെടത്തു പ്രയോഗിച്ചു. സാഗര്‍ ശര്‍മ്മയെ ആര്‍.എല്‍.പി എംപി ഹനുമാൻ ബേനിവാളും കോണ്‍ഗ്രസിലെ ഗുര്‍ജിത് സിംഗ് ഓജ്ലയും ചേര്‍ന്ന് കിഴടക്കി. മനോരഞ്ജനും പിടിയിലായി. സഭയില്‍ മഞ്ഞപ്പുക പടലം വ്യാപിച്ചു. വിഷവാതകമാണെന്ന് ഭയന്ന് എം.പിമാര്‍ പുറത്തേക്ക് പാഞ്ഞു

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, ഹര്‍ദീപ് സിംഗ് പുരി, അനുപ്രിയ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മലയാളി എം.പിമാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്‌നാൻ, രമ്യാഹരിദാസ് തുടങ്ങിയവര്‍ സഭയിലുണ്ടായിരുന്നു.

സ്വേച്ഛാധിപത്യം അനുവദിക്കില്ല; മുദ്രാവാക്യംമുഴക്കി നീലംദേവി റെഡ്‌ക്രോസ് റോഡില്‍ പാര്‍ലമെന്റ് റിസ്‌പ്‌ഷനു സമീപമാണ് അമോല്‍ ഷിൻഡെയും പുക സ്പ്രേ കാൻ പ്രയോഗിച്ച്‌ മുദ്രാവാക്യം മുഴക്കിയത്. ഉടൻ പൊലീസ് പിടികൂടി. ‘കരിനിയമങ്ങള്‍ കാരണം തൊഴിലില്ലാതായെന്നും ഒരു സംഘടനയുടെയും ആളുകളല്ലെന്നും സ്വേച്ഛാധിപത്യം പൊറുപ്പിക്കില്ലെന്നും’ അവര്‍ വിളിച്ചു പറഞ്ഞു. ഭഗത് സിംഗ് ക്ളബ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് വെളിപ്പെടുത്തി. അറസ്റ്റിലായവര്‍ നാല് വര്‍ഷമായി പരസ്പരം അറിയുന്നവരാണ്. നീലം ദേവി (42) അദ്ധ്യാപക ജോലിക്കൊപ്പം സിവില്‍ സര്‍വീസിന് പഠിക്കുന്നുണ്ട്. 2020 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് മനോരഞ്ജൻ