ലോക്സഭയില്‍ വന്‍ സുരക്ഷാ വീഴ്ച;2 പേർ പിടിയിൽ

ലോക്സഭയില്‍ വന്‍ സുരക്ഷാ വീഴ്ച;2 പേർ പിടിയിൽ
alternatetext

ന്യൂഡല്‍ഹി: ലോക്സഭയില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനിറത്തിലൂള്ള കളര്‍ സ്മോക്ക് സപ്രേ പ്രയോഗിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ ഉച്ചക്ക് രണ്ടുമണി നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു. ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്.

ഖലിസ്താൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സാഗര്‍ ശര്‍മ, മനോരഞ്ജൻ എന്നീ പേരുകളിലുള്ളവരാണ് പിടിയിലായത്. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികള്‍ മുഴക്കിയത്. ഇതിനിടെ പാര്‍ലമെൻറിന് പുറത്തും കളര്‍ സ്മോക്ക് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.

എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാല്‍, വൻ സുരക്ഷാപരിശോധന നിലനില്‍ക്കുന്ന പാര്‍ലമെൻറിന് അകത്തേക്ക് കളര്‍ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. പാര്‍ലമെൻറ് ആക്രമണ വാര്‍ഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്.

ഇന്ന് പതിവില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, മൈസൂര്‍ കുടകില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികള്‍ ഉപയോഗിച്ചത്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്.