ന്യൂഡല്‍ഹി: നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്ന ഇൻഡ്യ സഖ്യത്തിന്റെ അടുത്ത യോഗം ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരുമിച്ചു നേരിടുന്നത് യോഗം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. 19ന് ഉച്ചക്കുശേഷം മൂന്നു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ ആദ്യ സമ്ബൂര്‍ണ യോഗമാണിത്.
ആറിന് തിരക്കിട്ട് വിളിച്ച യോഗത്തെ കുറിച്ച് പല പ്രതിപക്ഷ നേതാക്കള്‍ക്കും മുൻകൂട്ടി വിവരം ലഭിച്ചില്ലെന്ന ആക്ഷേപമുയര്‍ന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ജനതാദള്‍ -യു നേതാവ് നിതീഷ് കുമാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ അസൗകര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്.
അഖിലേഷ് യാദവും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത പരിഹരിച്ച ശേഷമാണ് ഇൻഡ്യ സഖ്യം പുതിയ യോഗ തീയതി പ്രഖ്യാപിച്ചത്. അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിച്ച് നാലിടത്തും തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇൻഡ്യ സഖ്യകക്ഷികളുടെ രോഷം ഏറ്റുവാങ്ങുന്നതിനിടയിലാണ് യോഗം വിളിച്ചിരിക്കുന്നത്.