വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെയുള്ള എസ്‌എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന പ്രൊഫ.എം.കെ.സാനുവിന്റെ ഹര്‍ജി പരിശോധിക്കാൻ രജിസ്‌ട്രേഷൻ ഐജിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം നാലിന് ഇരുവിഭാഗവും ഐജിക്ക് മുന്നില്‍ ഹാജരാകണമെന്നും ഒരു മാസത്തിനകം ഐജി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും മറ്റും വീഴ്ചയുണ്ടായെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിക്ക് എസ്‌എൻഡിപി യോഗം ഭാരവാഹികള്‍ വിശദമായ മറുപടി നല്‍കി. ഒരു നടപടിയിലും നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു. 2014 മുതല്‍ 2017 വരെ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന വാദം സാങ്കേതികമായി ശരിയല്ല. എല്ലാ വാര്‍ഷിക റിട്ടേണുകളും കൃത്യസമയത്ത് രജിസ്ട്രേഷൻ ഐജിക്ക് (കേരളം) അയച്ചു.
എന്നാല്‍ യോഗത്തിന്റെ ഒറിജിനല്‍ രേഖകള്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിക്കാത്തതിനാല്‍ അസ്സല്‍ രേഖകള്‍ ലഭിച്ച ശേഷമേ യോഗം സമര്‍പ്പിച്ച റിട്ടേണുകള്‍ ഫയലില്‍ സ്വീകരിക്കാവൂ എന്ന് ഐജി ഓഫീസ് അറിയിച്ചു. രേഖകള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആ കാലതാമസം ഒഴിവാക്കി.രേഖകളില്‍ നിന്ന് ഇത് വ്യക്തമാണ്. 2005 വരെ, റിട്ടേണുകളും മറ്റ് രേഖകളും രജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ ഫയല്‍ ചെയ്തു. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ റിട്ടേണുകള്‍ രജിസ്‌ട്രേഷൻ ഐജിക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2017 മുതല്‍ 2022-23 വരെയുള്ള റിട്ടേണുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.