എടത്വ: എടത്വ കൃഷിഭവന്‍ പരിധിയിലെ 50 ഏക്കര്‍ വരുന്ന മാങ്കുഴിവടക്ക് പാടശേഖരം മട വീണു. വര്‍ഷങ്ങളായി തരിശുകിടന്ന പാടത്ത് ലക്ഷങ്ങള്‍ മുടക്കി കൃഷിക്കായി നിലം ഒരുക്കി ഇന്നലെ മുതല്‍ വിത ആരംഭിച്ചപ്പോഴാണ് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വരിക്കളം ഭാഗത്ത് മട വീണത്. പാടശേഖരത്തിന്റെ 20 അടിയോളം നീളത്തിലാണ് മട വീണത്. പാടശേഖരത്തിന്റെ പുറംബണ്ടില്‍ നിന്നിരുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു തെങ്ങും വൈദ്യുതി പോസ്റ്റും പാടശേഖരത്തേക്ക് പതിച്ചു.
വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന ഈ പാടശേഖരത്ത് കര്‍ഷകര്‍ കൃഷി ചെയ്യാന്‍ തയ്യാറാകാഞ്ഞതിനാല്‍ മൂന്നുതൈയ്ക്കല്‍ എബ്രഹാം മാത്യു (സുനു) പാടശേഖരം മൊത്തത്തില്‍ ഏറ്റെടുത്താണ് കൃഷി ചെയ്യാനായി ആരംഭിച്ചത്. മൂന്നു ജെസിബിയും 20 തൊഴിലാളികളും ചേർന്ന് 46 ദിവസം കൊണ്ടാണ് പാടശേഖരം വൃത്തിയാക്കി കൃഷിക്കായി നിലം ഒരുക്കിയത്. പാടശേഖരത്തിന്റെ മുക്കാല്‍ ഭാഗവും ഇന്നലെ വിതച്ചിരുന്നു. ഇന്ന് ബാക്കി കൂടി വിതയ്ക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടയിലാണ് മടവിഴ്ച ഉണ്ടായത്.
16 ലക്ഷത്തോളം രൂപ ചിലവായതായും സുനു പറയുന്നു.അതിശക്തമായ വേലിയേറ്റമാണ് ഇപ്പോള്‍ കുട്ടനാട്ടില്‍ തുടര്‍ച്ചയായി മടവിഴ്ചക്ക് കാരണമാവുന്നത്. ഒട്ടുമിക്ക മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ മിക്ക പാടശേഖരങ്ങളും മടവീഴ്ച്ച ഭീഷണിയിലാണ്. കണിയാംകടവ് പാടശേഖരവും ഇന്നലെ മുതല്‍ മടവീഴ്ച ഭീഷണിയിലാണ്. മിക്ക പാടശേഖരങ്ങളുടെ പുറംബണ്ടിലും വിള്ളല്‍ രൂപപ്പെടുന്നുണ്ട്. കര്‍ഷകരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പല പാടശേഖരങ്ങളിലും മടവീഴ്ച ഒഴിവാകുന്നത്