വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയില്‍.ഇടുക്കി കൊന്നത്തടി വില്ലേജില്‍ പനംകുട്ടി ഇളംമ്ബശേരിയില്‍ വര്‍ഗീസിന്റെ മകന്‍ ഡെനില്‍ വര്‍ഗീസ് (20) ആണ് അറസ്‌റ്റിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. രാജേന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളര്‍ച്ചയെത്തിയ തൈകളാണു കണ്ടെത്തിയത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്‌ക്ക് വേണ്ടിയാണ് പ്രതി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ദേവികുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്‌തു.
അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്) ദിലീപ് എന്‍.കെ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അഗസ്‌റ്റ്യന്‍ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, പ്രശാന്ത് വി, യദുവംശരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.