18ാം ലോക്സഭയുടെ സമ്മേളനം ഇന്നുമുതല്‍

18ാം ലോക്സഭയുടെ സമ്മേളനം ഇന്നുമുതല്‍
alternatetext

ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തിങ്കളാഴ്ച തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടെം സ്പീക്കർ നിയമനത്തിലുള്ള പ്രതിഷേധത്തോടെയാണ് പ്രതിപക്ഷം ആദ്യനാളില്‍ സഭയിലെത്തുന്നത്. സത്യപ്രതിജ്ഞക്കും സ്പീക്കർ തെരഞ്ഞെടുപ്പിനുമായി മൂന്നു ദിവസമാണ് ലോക്സഭ നീക്കിവെച്ചിരിക്കുന്നത്. പ്രഥമ സമ്മേളനം തുടങ്ങുന്നതിനു മുമ്ബ് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരത്തിന്റെ ‘ഹൻസ് ദ്വാറി’ന് മുന്നില്‍ മാധ്യമപ്രവർത്തകരെ കാണും.

ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാർമികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം.എട്ടുതവണ ലോക്സഭ എം.പിയായ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് ഏഴുതവണ എം.പിയായ ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി നേതാവ് ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കർ ആക്കിയതിലുള്ള പ്രതിഷേധവുമായാണ് ഇൻഡ്യ സഖ്യം സഭയിലെത്തുക. രണ്ടുദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാൻ സർക്കാർ ഏല്‍പിച്ച ദൗത്യം കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാർ ഏറ്റെടുക്കേണ്ടതില്ലെന്ന് സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേർ

ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നില്‍ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് ജയറാം രമേശ് ചോദിച്ചു. നീറ്റ്, നെറ്റ് പരീക്ഷ ചോർച്ചകള്‍ ഉള്‍പ്പെടെ സർക്കാറിനെ പ്രതിരോധത്തിലാക്കുമ്ബോഴാണ് പ്രോടെം സ്പീക്കർ നിയമനവും വിവാദത്തിലായത്.