നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ യുവതി ചികിത്സയില്‍ ആയിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് ജൂലൈ 15ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭർത്താവ് ലാബില്‍ പോയ സമയത്ത് നല്കിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് കൃഷ്ണ അബോധാവസ്ഥയിലായതെന്ന് പരാതിയില്‍ പറയുന്നു.