സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.
alternatetext

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. ബുധനാഴ്ച 11 മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികള്‍ സംബന്ധിച്ച്‌ ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചർച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.

ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയർന്നതോടെ ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചേതീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചർച്ചനടത്തിയിരുന്നു. ഓം ബിർളയെ സ്പീക്കർ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കർ പദവി വേണമെന്ന് ഖാർഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു.

എന്നാല്‍, അക്കാര്യം പിന്നീട് ചർച്ചചെയ്യാമെന്നായിരുന്നു രാജ്നാഥ് സ്വീകരിച്ച നിലപാട്. തുടർന്ന് കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. ഇതിനിടെ ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി നല്‍കി പ്രതിപക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കാനും ബിജെപി ശ്രമം നടത്തിയിരുന്നു.

രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയായ ഓം ബിർള 17-ാം ലോക്സഭയിലും സ്പീക്കറായിരുന്നു. എട്ടുതവണ ലോക്സഭാ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് നേരത്തെ പ്രോടെം സ്പീക്കർ പദവിയില്‍നിന്നും തഴയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൊടിക്കുന്നിലും മറ്റു പ്രതിപക്ഷ അംഗങ്ങളും പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍നിന്ന് പിൻമാറിയിരുന്നു.