ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 21 ട്രെയിനുകള്‍ കൂടി റദ്ദാക്കി

ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 21 ട്രെയിനുകള്‍ കൂടി റദ്ദാക്കി
alternatetext

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നിരവധി സ്ഥലങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ദക്ഷിണ-മധ്യ റെയില്‍വേ 21 ട്രെയിനുകള്‍ കൂടി റദ്ദാക്കുകയും 10 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയില്‍ തെലങ്കാനയിലെ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയില്‍വേ ട്രാക്ക് തകർന്നു.

റദ്ദാക്കിയ 21 ട്രെയിനുകളില്‍ 12669 എംജിആർ ചെന്നൈ സെൻട്രല്‍ -ഛപ്ര, 12670 ഛപ്ര-എംജിആർ ചെന്നൈ സെൻട്രല്‍, 12615 എംജിആർ ചെന്നൈ സെൻട്രല്‍-ന്യൂഡല്‍ഹി, 12616 ന്യൂഡല്‍ഹി-എംജിആർ ചെന്നൈ സെൻട്രല്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് സൗത്ത് സെൻട്രല്‍ റെയില്‍വേ (എസ്‌സിആർ) അറിയിച്ചു.

അതേസമയം, 12763 തിരുപ്പതി-സെക്കന്ദരാബാദ്, 22352 എസ്‌എംവിടി ബംഗളൂരു-പട്‌ലിപുത്ര, 22674 മന്നാർഗുഡി-ഭഗത് കി കോത്തി, 20805 വിശാഖപട്ടണം-ന്യൂഡല്‍ഹി തുടങ്ങി ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. രായനപാഡുവിലെ കനത്ത വെള്ളപ്പൊക്കം കാരണം ദക്ഷിണ-മധ്യ റെയില്‍വേ എസ്‌എംവിബി ബംഗളൂരു-ദാനപൂർ, ദനാപൂർ-എസ്‌എംവിബി ബംഗളൂരു എന്നീ രണ്ട് ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ഈ ട്രെയിനുകളിലെ യാത്രക്കാരെ റോഡ് മാർഗം കാസിപ്പേട്ട ജംഗ്ഷനിലേക്ക് മാറ്റി. നേരത്തെ സൗത്ത് സെൻട്രല്‍ റെയില്‍വേ 20 ട്രെയിനുകള്‍ റദ്ദാക്കുകയും 30 ലധികം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. കൂടാതെ, ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ റെയില്‍വേ ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍ നല്‍കിയിട്ടുണ്ട്.

ഹൈദരാബാദ്-27781500, വാറങ്കല്‍-2782751, കാസിപേട്ട്-27782660, ഖമ്മൻ-2782885 ഇവയാണ് ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍.