കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ കാലയവനികക്കുള്ളിൽ മറഞ്ഞു. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലുള്ള ഭൗതീകശരീരം നടപടിക്രമങ്ങൾക്കു ശേഷം കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ച് വെള്ളിയാഴ്ച പൊതുദർശനത്തിന് വയ്ക്കുന്നു.
ഉച്ചകഴിഞ്ഞ് ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് മാറ്റുന്ന ഭൗതികശരീരം വൈകിട്ടോടെ മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നവംബർ 2ാം തീയതി ശനിയാഴ്ച വൈകിട്ടോടെ കബറടക്കചടങ്ങുകൾ നടക്കും.
പുത്തന്‍കുരിശ് ടൗണിനോട് ചേര്‍ന്ന അഞ്ചേക്കറില്‍ ബാവ തന്നെ പണിതുയര്‍ത്തിയ സഭാ ആസ്ഥാനത്താണ് കബറിടമൊരുക്കുന്നത്. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാര്‍ക്കും അനുബന്ധ സംഘടനകള്‍ക്കുമുള്ള ഓഫിസുകളും സജ്ജീകരണങ്ങളും സഭാ ആസ്ഥാനത്ത് ബാവ ഒരുക്കിയിരുന്നു.
ദമസ്‌കസിലെ പാത്രിയാര്‍ക്കാ അരമനയുടെ മാതൃകയില്‍ നിര്‍മിച്ച സഭയുടെ പ്രാദേശിക ആസ്ഥാനത്തോട് ചേര്‍ന്നുതന്നെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലും സ്ഥാപിച്ചു. ഇതിനോടുചേര്‍ന്ന് ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും സ്ഥാപിച്ചു. യാക്കോബായ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിലായി ഡെന്റല്‍ കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ ബാവ മുന്‍കൈ എടുത്തു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് വിടപറഞ്ഞിരിക്കുന്നത്.