വ്യാജ അഡ്വൈസ് മെമ്മോയുമായി പിഎസ്‌സിയെ കബളിപ്പിച്ച് ജോലി നേടാൻ ശ്രമിച്ച വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍ രാഖിയ്ക്ക് (25) ഇടക്കാല ജാമ്യം അനുവദിച്ചു.കൈക്കുഞ്ഞുള്ളതിനാല്‍ പരിചരിക്കാൻ കൂടെയുണ്ടാകണമെന്ന് ജാമ്യാപേക്ഷയിലൂടെ പ്രതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച തുറന്ന കോടതിയില്‍ ഹാജരാകാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ജാമ്യാപേക്ഷ എതിര്‍ത്ത് കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. രാഖിയുടെ ഫോണ്‍ കൂടുതല്‍ തെളിവുകള്‍ക്കായി ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. പി.എസ്.സിയുടെ വ്യാജ അഡ്വൈസ് മെമ്മോയും നിയമന ഉത്തരവുമായി ശനിയാഴ്ച കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എല്‍.ഡി ക്ളാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോളാണ് രാഖി ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എല്‍.ഡി ക്ളാര്‍ക്ക് ലിസ്റ്റില്‍ 22ാം റാങ്കുകാരിയാണെന്നും റവന്യു വകുപ്പില്‍ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ടാണ് ഇവരെത്തിയത്. തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കി. ഉച്ചയോടെ ആണ്ടാമുക്കത്തെ പി.എസ്.സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈല്‍ഫോണിലുള്ള രേഖകളാണ് കാണിച്ചത്. അസല്‍ കാണിക്കാൻ തയ്യാറായില്ല.
യഥാര്‍ത്ഥ റാങ്ക് ലിസ്റ്റില്‍ 22-ാം റാങ്ക് നേടിയത് അമല്‍ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേര്‍ക്കുകയായിരുന്നു. അഡ്വൈസ് മെമ്മോയിലെ നമ്ബര്‍ പി.എസ്.സിയുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യു വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എല്‍.ഡി ക്ലാര്‍ക്ക് പോസ്റ്റിലേതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉത്തരവില്‍ അതോറിട്ടിയുടെ സ്ഥാനത്ത് ജില്ലാ റവന്യു വകുപ്പ് ഓഫീസര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റവന്യു വകുപ്പില്‍ ഇത്തരമൊരു തസ്തികയില്ല. ജില്ലാ കളക്ടറാണ് നിയമന അധികാരി.ഇതിനിടെ രാഖിയും കുടുംബവും മാദ്ധ്യമങ്ങളെയും ഈസ്റ്റ് പൊലീസിനെയും ഫോണില്‍ വിളിച്ചു.
ഈസ്റ്റ് പൊലീസെത്തി രാഖിയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തു. രേഖകള്‍ വ്യാജമാണെന്നും ചോദ്യം ചെയ്യലില്‍ രാഖി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘര്‍ഷത്തിലാണ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി