വിഴിഞ്ഞം തുറമുഖം;പ്രതിഷേധത്തിരകളുടെ ഇരമ്ബലുയർന്ന തീരം ഇനി കണ്ടെയ്നർ കയറ്റിറക്കിന്‍റെ തിരക്കിലേക്ക്.

വിഴിഞ്ഞം തുറമുഖം;പ്രതിഷേധത്തിരകളുടെ ഇരമ്ബലുയർന്ന തീരം ഇനി കണ്ടെയ്നർ കയറ്റിറക്കിന്‍റെ തിരക്കിലേക്ക്.
alternatetext

തിരുവനന്തപുരം: പ്രതിഷേധത്തിരകളുടെ ഇരമ്ബലുയർന്ന തീരം ഇനി കണ്ടെയ്നർ കയറ്റിറക്കിന്‍റെ തിരക്കിലേക്ക്. പ്രതിബന്ധങ്ങളുടെയും സമരങ്ങളുടെയേും വേലിയേറ്റം കടന്നാണ് വിഴിഞ്ഞം തുറമുഖം പരീക്ഷണ പ്രവർത്തനത്തിന് സജ്ജമായത്. രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖത്തിന്‍റെ ട്രയല്‍ ഓപറേഷൻ വെള്ളിയാഴ്ച ആരംഭിക്കുമ്ബോള്‍ അത് പ്രധാന ഭരണനേട്ടമാക്കുകയാണ് സർക്കാർ.

രാവിലെ 10ന് കണ്ടെയ്നർ കപ്പല്‍ ‘സാൻ ഫെർണാണ്ടോ’യെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം വികസന നേട്ടമായി പരമാവധി ഉയർത്തിക്കാട്ടാനാണ് സർക്കാർ ശ്രമം. തടസ്സങ്ങള്‍ പലതും പിന്നിട്ടാണ് വിഴിഞ്ഞത്തിന്‍റെ ആദ്യഘട്ടം പ്രവർത്തന സജ്ജമാവുന്നത്. രണ്ടു മാസത്തിലേറെ നീളുന്ന ട്രയല്‍ റണ്ണും ശേഷിക്കുന്ന മറ്റു നിർമാണങ്ങളും പൂർത്തിയാക്കി മൂന്നു മാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഒക്ടോബറിന് മുമ്ബ് തുറമുഖത്തിന്‍റെ ആദ്യഘട്ടം ഔദ്യോഗികമായി കമീഷൻ ചെയ്യാനാവുമെന്ന ഉറപ്പ് അദാനി പോർട്സ് സർക്കാറിന് നല്‍കിയിട്ടുണ്ട്. തീരശോഷണവും തുറമുഖം മൂലമുള്ള തൊഴില്‍ നഷ്ടവുമടക്കം തീരവാസികള്‍ ഉയർത്തിയ ആശങ്കകള്‍ക്കും ആവലാതികള്‍ക്കും ഇനിയും പൂർണ പരിഹാരമായിട്ടില്ല. എന്നാല്‍, തീരത്ത് ആശങ്കയുടെ കാർമേഘങ്ങള്‍ പടർത്തിയ സമരാന്തരീക്ഷത്തില്‍ മാറ്റം വന്നു. പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളടക്കം തുറമുഖ നിർമാണ കമ്ബനി നല്‍കുന്ന വാഗ്ദാനങ്ങള്‍ എത്രമാത്രം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.

ക്രെയിനുകളും മറ്റ് ഉപകരണങ്ങളുമടക്കം കണ്ടെയ്നർ നീക്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ച ‘സാൻ ഫെർണാണ്ടോ’ കപ്പല്‍ വ്യാഴാഴ്ച രാവിലെ വിഴിഞ്ഞം തീരത്ത് ബർത്തിങ് നടത്തും. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നാണ് 2000 കണ്ടെയ്നറുകളുമായി കപ്പല്‍ പുറപ്പെട്ടത്. കപ്പലിന് കടലില്‍ വാട്ടർ സല്യൂട്ട് നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.