വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാ നടപടികള്‍ 

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാ നടപടികള്‍
alternatetext

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമത്തിലെ വകുപ്പ് നാല് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഓഫീസുകളില്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കമ്മീഷൻ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് ഉടമയെ അനുവദിക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. മുണ്ടുപറമ്ബ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1954ലെ ആധാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍. കാലപ്പഴക്കം കാരണം കടലാസുകള്‍ ദ്രവിച്ച്‌ പൊടിഞ്ഞുപോയി എന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസര്‍ അപേക്ഷകന് മറുപടി നല്‍കിയിരുന്നത്. എന്നാല്‍ ഇത് വിശ്വാസയോഗ്യമല്ലെന്ന് കാണിച്ച്‌ അപേക്ഷകൻ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കമ്മീഷൻ ആധാരത്തിന്റെ നിലവിലെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അപേക്ഷനെ അനുവദിക്കാനും ലഭ്യമാകുന്ന രേഖകള്‍ സൗജന്യമായി നല്‍കാനും ഉത്തരവിടുകയായിരുന്നു.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഡിവിഷണല്‍ ഓഫീസില്‍ നിന്നും ഫെയര്‍വാല്യു ഗസറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന തൃശൂര്‍ ആളൂര്‍ മറ്റം സ്വദേശിയുടെ അപേക്ഷയില്‍ ഏതുവിധേനയും ബന്ധപ്പെട്ട രേഖ അപേക്ഷകന് ലഭ്യമാക്കാൻ കമ്മീഷൻ നിര്‍ദ്ദേശിച്ചു. ഓഫീസില്‍ സൂക്ഷിക്കേണ്ട രേഖയായതിനാല്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കാനാവില്ലെന്നും അതിനാല്‍ വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ അന്വേഷിച്ച്‌ മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്നുമാണ് കമ്മീഷൻ നിര്‍ദ്ദേശിച്ചത്.

അദാലത്തില്‍ 15 പരാതികളാണ് ലഭിച്ചത്. ഇതില്‍ 13 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ അടുത്ത അദാലത്തില്‍ പരിഗണിക്കും