വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം ഷംസീര്‍ നടത്തരുതായിരുന്നു:രമേശ് ചെന്നിത്തല

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം ഷംസീര്‍ നടത്തരുതായിരുന്നു:രമേശ് ചെന്നിത്തല
alternatetext

തിരുവനന്തപുരം: ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന അനാവശ്യമെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം ഷംസീര്‍ നടത്തരുതായിരുന്നു. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു മതവികാരങ്ങളെയും വ്രണപ്പെടുത്താന്‍ പാടില്ല. എല്ലാ മതങ്ങളുടെയും വിശ്വാസവുമായി ബന്ധപ്പെട്ട് നോക്കുമ്ബോള്‍ മിത്തും ശാസ്ത്രവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അത് ഉയര്‍ത്തിപിടിച്ചപ്പോള്‍ വിശ്വാസ സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ആയിപ്പോയി ഷംസീറിന്‍റെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു.

കോടതി ആണെങ്കിലും ഭരണകൂടമാണെങ്കിലും വിശ്വാസ സമൂഹത്തിന്‍റെ വികാരം വ്രണപ്പെടുത്താന്‍ പാടില്ല. പ്രസ്താവന പിന്‍വലിക്കാന്‍ ഷംസീര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കറെ തിരുത്തിക്കാന്‍ സിപിഎം തയാറാകണം. അല്ലെങ്കില്‍ ശബരിമല കാലത്തെ പോലെ സിപിഎമ്മിന് സ്വയം തിരുത്തേണ്ട അവസ്ഥ വന്നുചേരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ സിപിഎമ്മും ബിജെപിയും അനാവശ്യ മതസ്പര്‍ധ വളര്‍ത്താൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും എല്ലാക്കാലത്തും വിശ്വാസ സമൂഹങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന പ്രസ്ഥാനങ്ങളാണ്. ശബരിമല വിഷയത്തിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പൗരത്വനിയമ ഭേദഗതി നിയമം വന്നപ്പോഴും ശരിയത്ത് നിയമങ്ങളെ തൊട്ടുകളിക്കുന്ന നടപടി വന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തോടൊപ്പം ഉറനിന്നിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു