ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
alternatetext

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്.

1987 ജൂണ്‍ 26 മുതല്‍ ലോകലഹരി വിരുദ്ധദിനം ആചരിക്കുന്നു. ലോകത്തിലെ ആദ്യലഹരിമരുന്നുവിരുദ്ധ യുദ്ധമായി കണക്കാക്കുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്)യുദ്ധത്തിന്റെ ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക’ എന്നതാണ്.

പ്രതിരോധത്തിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന് ഉപയോഗിക്കുന്നവരോട് ആദരവോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ചികിത്സിച്ച്‌ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കേണ്ടതിനെക്കുറിച്ചും അവബോധം വളര്‍ത്തുന്ന ബോധവത്കരണശ്രമങ്ങളാണ് ലക്ഷ്യമിടുന്നത്.

ലഹരിയെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍, നിയമപാലകര്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുക; ലഹരിയുടെ വിപത്തുകളെക്കുറിച്ച്‌ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധവത്കരണശ്രമങ്ങള്‍ നടത്തുക, ലഹരിക്കെതിരെ സമൂഹത്തെ ശാക്തീകരിക്കുക, തുറന്ന സംവാദങ്ങള്‍ സംഘടിപ്പിക്കുക, സര്‍ക്കാരും സംഘടനകളും മറ്റും ലഹരിക്കെതിരെ നയരൂപീകരണം നടത്തുക, ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ എല്ലാവരെയും പങ്കാളികളാക്കുക, യുവജനങ്ങളെ ശാക്തീകരിക്കുക, ലഹരിയിലേക്ക് നീങ്ങാതിരിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്തുക തുടങ്ങിയ ഫലപ്രദമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്.

ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളിയായി മാറി സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണം. വിശാലമാവുകയാണ് ലഹരിയുടെ ലോകം. പുതിയ ഉത്പന്നങ്ങളും പുത്തന്‍ മാര്‍ഗ്ഗങ്ങളുമായി ലഹരി നമ്മെ ചുറ്റിപ്പിടിക്കുന്നു. കടലും കരയും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത്.

ആള്‍ത്തിരക്കിനിടയില്‍ മറഞ്ഞിരുന്ന് മരണത്തിന്റെ വ്യാപാരികളായി ലഹരിവില്പനക്കാര്‍ എത്തുന്നു. കാലഘട്ടം നേരിടുന്ന വലിയ വെല്ലുവിളിയാണ് ലഹരിയുടെ ഉപയോഗം. വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളിലെല്ലാം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുകയാണ് ലഹരി. ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്.