വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശന്‍

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഡി സതീശന്‍
alternatetext

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎം പിബി അംഗമായ എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സിപിഐഎം കൂടി പിന്തുണച്ചിരിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സിപിഐമ്മിന്റെ അജണ്ട മാറിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനവുമായി സിപിഐഎം ഇറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് കൊടുക്കുന്ന രീതിയിലേക്കാണ് സിപിഐഎം പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത്. ആ വിജയത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഐഎമ്മും സംഘ്പരിവാറും തമ്മിലുള്ള ദൂരം വളരെ അകലെയല്ലെന്നു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് സിപിഐഎമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും വിജയരാഘവനെ പിന്തുണച്ച്‌ സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയതും. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘ്പരിവാറിനെ ഭയന്ന് സിപിഐഎം നേതാക്കള്‍ ജീവിക്കുന്നതാണ് ഇതിനെല്ലാം കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.