വയോജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യം വെച്ച്‌ വയോജന കമ്മിഷന്‍ കൊണ്ടുവരും : മന്ത്രി ആർ ബിന്ദു

വയോജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യം വെച്ച്‌ വയോജന കമ്മിഷന്‍ കൊണ്ടുവരും : മന്ത്രി ആർ ബിന്ദു
alternatetext

ആലപ്പുഴ: വയോജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യം വെച്ച്‌ വയോജന കമ്മിഷന്‍ വിഭാവനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. കിടപ്പ് രോഗികളായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് നിര്‍മിച്ച സാന്ത്വനതീരം സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കിടപ്പ് രോഗികളായ 25 വയോജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് പരാതികള്‍ കൊടുക്കുന്നതിന് റവന്യൂ ഡിവിഷന്‍ ഓഫീസര്‍മാരുടെ അധ്യക്ഷതയില്‍ 27 റവന്യൂ മെയിന്റനന്‍സ് ട്രിബ്യൂണല്‍ സംവിധാനം നിലവിലുണ്ട്.

സാമൂഹ്യനീതി വകുപ്പിന്റെ വായോമിത്രം പദ്ധതിയിലൂടെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും വാതില്‍പ്പടി സേവനം ലഭ്യമാണ് . ഇത് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ പെയ്ഡ് ഹോം സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.