വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം:ആവശ്യവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം:ആവശ്യവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
alternatetext

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഈ വിഷയത്തില്‍ ഗവർണർമാരുടെ യോഗത്തില്‍ സംസാരിക്കാൻ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുമ്ബിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഇതിനിടെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തത വരുത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടില്‍ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയില്‍ പല തവണ സംസ്ഥാനത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഓറഞ്ച് അലേർട്ട് നല്‍കുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു. കേരളത്തിന് ഏഴ് ദിവസം മുമ്ബ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.