വയനാട്ടിൽ പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 54 ആയി;12 പേരെ തിരിച്ചറിഞ്ഞു

വയനാട്ടിൽ പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 54; 12 പേരെ തിരിച്ചറിഞ്ഞു
alternatetext

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 54 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്ബൂർ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാർമല സ്കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുള്‍പൊട്ടലില്‍ പാലം തകർന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. പോലീസിൻ്റെ ഡ്രോണുകള്‍ വിന്യസിച്ച്‌ തിരിച്ചില്‍ നടത്താൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിംഗ് സാദ്ധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്റുകള്‍ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.

പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയില്‍ ഉരുള്‍പ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയല്‍ ആർമി കോഴിക്കോട് 122 ബറ്റാലിയനില്‍ നിന്നും ഒരു കമ്ബനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.