കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി. കേസില്‍ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് ഇപ്പോള്‍ പിടിയിലായ സജീവൻ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പടെ 10 പേരാണ് പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. ബാങ്കില്‍ നിന്നും 80000 രൂപ മാത്രം വായ്പയെടുത്ത പുല്‍പ്പള്ളി കേളക്കവല ചെമ്ബകമൂല സ്വദേശി രാജേന്ദ്രൻ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.
80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരില്‍ തട്ടിപ്പുകാര്‍ 25 ലക്ഷം രൂപയുടെ ലോണ്‍ എടുത്തെന്ന് വരുത്തിത്തീര്‍ത്തിരുന്നു. മരിക്കുമ്ബോള്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രൻ നായര്‍ക്ക് ഉണ്ടായിരുന്നത്.