മലപ്പുറം: കാടാമ്ബുഴ ഭഗവതി ദേവസ്വത്തിന്റെ 2024ലെ തൃക്കാർത്തിക പുരസ്‌കാരം മലയാളത്തിന്റെ വാനമ്ബാടി കെ എസ് ചിത്രക്ക്. സമൂഹത്തിന്റ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവർക്ക് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കി വരുന്നത്.
ദേവസ്വത്തിന്റ ആറാമത് പുരസ്‌കാരമാണ് കെ എസ് ചിത്രക്ക് സമ്മാനിക്കുന്നത്. 25000 രൂപയും ദാരു ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കാടാമ്ബുഴ ഭഗവതി ക്ഷേത്രത്തില്‍ ഡിസംബർ 7 മുതല്‍ 13 വരെ നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസംബർ 7 ന് വൈകുന്നേരം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് കെ എസ് ചിത്രക്ക് പുരസ്‌കാരം സമർപ്പിക്കും.
വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് കാടാമ്ബുഴ ഭഗവതിയുടെ പ്രതിഷ്ഠ ദിനമായി ആഘോഷിക്കുന്നത്. ഡിസംബർ 13 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തൃക്കാർത്തിക. അന്നേ ദിവസം പുലർച്ചെ 3 മുതല്‍ ക്ഷേത്രത്തില്‍ തൃക്കാർത്തിക ദീപം തെളിയിക്കും. രാവിലെ 10 മുതല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വിഭവസമൃദമായ പിറന്നാള്‍ സദ്യയും ഉണ്ടായിരിക്കും. തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 7 മുതല്‍ പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അരങ്ങേറും.