തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പടെ അതിശക്തമായ മഴ തുടരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 24-ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു