തിരുവനന്തപുരം: വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്നും വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധം നടത്തുന്ന കുട്ടികളെ തെരുവില്‍ തല്ലിച്ചതയ്ക്കാൻ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്തെ തെരുവുയുദ്ധത്തിനൊടുവില്‍ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലെത്തിയ പോലീസ് സംഘത്തിനെതിരേ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പോലീസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും പാര്‍ട്ടി ഓഫീസില്‍ കയറാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ എന്ന് കാണട്ടെ എന്നും സതീശൻ വെല്ലുവിളിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ താരാട്ടുപാടി വിളിച്ചുകൊണ്ടുപോയ പോലീസാണ് തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. വനിതാ പ്രവര്‍ത്തകരുടെ തുണിവലിച്ചു കീറിയ എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്നും പരതിപക്ഷ നേതാവ് ആരോപിച്ചു.