പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകകക്ഷി യോഗത്തില്‍, വനിതാ സംവരണ ബില്‍ സഭ പാസാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നൊരുക്കമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്‍റ് ലൈബ്രറി കോംപ്ലക്സില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി അറിയിച്ചു.
വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് യോഗത്തില്‍ നിലപാട് സ്വീകരിച്ചതായി എൻസിപി(അജിത് പവാര്‍ വിഭാഗം) നേതാവ് പ്രഫുല്‍ പട്ടേലും വ്യക്തമാക്കി. ബിജെഡി, ബിആര്‍എസ് എന്നീ കക്ഷികളും സമാന ആവശ്യം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്