വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്‍ കമ്ബിവടി കൊണ്ട് അടിച്ചു

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്‍ കമ്ബിവടി കൊണ്ട് അടിച്ചു
alternatetext

വൈക്കം: പണമടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്‍ കമ്ബിവടി കൊണ്ട് അടിച്ചു. തലയാഴം ഇലകട്രിക്കല്‍ സെക്ഷൻ ഓഫിസിലെ ലൈൻമാൻ മുണ്ടാര്‍ പാലിയംകുന്നില്‍ ഹരീഷിനാണ് ക്രൂരമര്‍ദനമേറ്റത്. പരിക്കേറ്റ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈക്കം വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷ ഭവനില്‍ സന്തോഷിന്‍റെ വീട്ടിലാണ് വൈദ്യുതി ബില്‍ കുടിശികയായതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. മീറ്റില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ലൈൻമാനായ ഹരീഷ് എത്തിയപ്പോഴാണ് വീട്ടുകാര്‍ തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിച്ചത് സംബന്ധിച്ച്‌ സംസാരിക്കവെ സന്തോഷും മകനും ഹരീഷിനെ അസഭ്യം പറയുകയും കമ്ബിവടി കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച വിവരം ഓഫിസില്‍ അറിയിക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഹരീഷ് തലയാഴത്തെ ഓഫിസിലെത്തിയാണ് വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഇവരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കെ.എസ്.ഇ.ബി തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു