വാഹനാപകടത്തില്‍ 80 കാരൻ മരിച്ചതിനു പിന്നിൽ പണം തട്ടാനുള്ള ആസുത്രിത കൊലപാതകം

വാഹനാപകടത്തില്‍ 80 കാരൻ മരിച്ചതിനു പിന്നിൽ പണം തട്ടാനുള്ള ആസുത്രിത കൊലപാതകം
alternatetext

കൊല്ലം ആശ്രാമത്ത് ജൂണ്‍ 19നുണ്ടായ വാഹനാപകടത്തില്‍ 80 കാരൻ മരിച്ചതിനു പിന്നിൽ ഗുഡാലോചന. അന്വഷണത്തിൽ അപകടമല്ല കൊലപാതകമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി . ബിഎസ്‌എൻഎല്ലില്‍ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്ബോഴാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങള്‍ പുറത്തു വന്നത്.

വിരമിച്ചപ്പോള്‍ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. പക്ഷേ അദ്ദേഹം സ്വന്തം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം വനിതയായ മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാല്‍ തുക ചോദിച്ച്‌ ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജർ സരിതയും അക്കൌണ്ടൻ്റും ചേർന്ന് ആസൂത്രണം നടത്തിയത്.

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അനി ക്രിമിനലിനെ സമീപിച്ചാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. പാപ്പച്ചൻ്റെ അക്കൌണ്ടിലെ 90 ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷം പ്രതിഫലമായി നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം അനി ജൂണ്‍ 19ന് ആസിഫ് എന്നയാളില്‍ നിന്ന് വാടകക്കെടുത്ത കാർ പാപ്പച്ചൻ ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം.

സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചൻ. പാപ്പച്ചൻ സൈക്കിളിലേ യാത്ര ചെയ്യൂ എന്ന് പ്രതികള്‍ക്ക് നന്നായി അറിയാമായിരുന്നു. ജൂണ്‍ 19ന് പാപ്പച്ചൻ്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗണ്‍-ആർ കാർ ചെന്നിടിക്കുന്നതിൻ്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറിൻ്റെ കളറും നമ്ബറുമെല്ലാം നോക്കി ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ വാഹനമോടിച്ച അനിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. 80കാരൻ്റെ അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി, കാർ വാടകക്ക് കൊടുത്ത ആസിഫ്, ധനകാര്യ സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജർ സരിത, അക്കൌണ്ടൻ്റ് അനൂപ് എന്നിങ്ങനെ 4പേരെ ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു.

കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തും. ധനകാര്യ സ്ഥാപനത്തിൻ്റെ ഉന്നതർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി വിവരമുണ്ട്. പ്രതികളുടെ അറസ്റ്റിന് ശേഷം അക്കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും