വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്‍റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം എന്നിവ ഉള്‍പ്പെടെ രജിസ്റ്റർ ചെയ്യണം.
കൗണ്ടറില്‍ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിലേക്ക് കടത്തിവിടുക. രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പോലീസിന് കൈമാറി രസീത് കൈപറ്റണം . ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നല്‍കിയിട്ടുണ്ട്