ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം
alternatetext

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം. നിലവില്‍ രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിയുടെ കാര്യത്തില്‍ ഗുണഭോക്താക്കളുടെയോ ദുരന്തം നടന്ന പ്രദേശത്തെ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ സ്വീകരിക്കാനോ കേള്‍ക്കാനോ തയാറാകാതെ സംസ്ഥാന സർക്കാറും ഉദ്യോഗസ്ഥരും തീരുമാനമെടുക്കുകയാണെന്നാണ് ആക്ഷേപം.

മേപ്പാടി പഞ്ചായത്തിലെ നെടുമ്ബാല എസ്റ്റേറ്റും കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍, പലരും ഈ സ്ഥലങ്ങളില്‍ വീട് ലഭ്യമാകുന്നതില്‍ തൃപ്തരല്ല.

ദുരന്തത്തില്‍ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട് ഒറ്റക്കായിപ്പോയ നിരവധിപേർ അവരുടെ ബന്ധുക്കളുടെ വാസസ്ഥലത്തേക്കാണ് മാറിയത്. തമിഴ്നാട് ഉള്‍െപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവരുമുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ഉള്‍െപ്പടെയുള്ള മറ്റു ജില്ലകളിലേക്ക് പോയവരും നിരവധി. കുടുംബങ്ങള്‍ നഷ്ടപ്പെട്ടതോടെ ബന്ധുക്കള്‍ താമസിക്കുന്നതോ നേരത്തേ താമസിച്ചിരുന്നതോ ആയ ഇടത്തേക്കാണ് ഇവരെല്ലാം മാറിയത്.

ചൂരല്‍മല റോഡില്‍ താമസിച്ചിരുന്ന രമ്യക്ക് ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടത് മകളും ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയുമുള്‍െപ്പടെയുള്ള ഉറ്റവരെയാണ്. രമ്യയും ചെറിയ മകനും ഗുരുതര പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. പാലക്കാട് സ്വദേശിനിയായ ഇവർക്ക് വയനാട്ടില്‍ ഇനി ഉറ്റവരെന്നു പറയാൻ ആരുമില്ല. തനിക്ക് നിർദിഷ്ട ടൗണ്‍ഷിപ്പില്‍ വീട് ലഭിച്ചാല്‍ എന്താവുമെന്നാണ് ഇവർ ചോദിക്കുന്നത്.

ഉരുള്‍ ദുരന്തത്തില്‍ ഒറ്റക്കായിപ്പോയവരില്‍ പലരും തങ്ങളുടെ ബന്ധുക്കള്‍ താമസിക്കുന്ന നാട്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ്. പുനരധിവാസ പദ്ധതിയില്‍ ഇവർക്കുള്ള വീടുകള്‍ അവിടെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. ജോലിയും ബന്ധുക്കളെയും സ്വന്തം നാടും ഉപേക്ഷിക്കാൻ താല്‍പര്യമില്ലാതെ മേപ്പാടി ഭാഗങ്ങളില്‍തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇരകള്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ വീട് വെക്കാനുള്ള അനുവാദം നല്‍കി അതിനുവേണ്ട തുക സർക്കാർ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

കൂടാതെ, നിലവില്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലത്തെ കുറിച്ചും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന് സമീപത്താണ് റാട്ടക്കൊല്ലി, മണിക്കുന്ന് മല. ഇവിടം വാസയോഗ്യമല്ലെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. മലകള്‍ക്ക് സമീപമുള്ള ഇവിടം ഭാവിയില്‍ അപകടസാധ്യത ഉള്ളതാണോ എന്നത് സംബന്ധിച്ച്‌ കൃത്യമായ പഠനം നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

2019ലെ പുത്തുമല ഉരുള്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം അഞ്ചു വർഷം പിന്നിട്ടിട്ടും പൂർണമായിട്ടില്ല. പലരും ഇന്നും വാടകവീടുകളിലാണ് കഴിയുന്നത്. പൂത്തക്കൊല്ലിയില്‍ സർക്കാർ ഏറ്റെടുത്ത് നിർമിച്ച 52 വീടുകളില്‍ പലതും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മുണ്ടക്കൈ ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ നിർമിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.