ഉപതെരഞ്ഞെടുപ്പ്: പ്രചാരണം സജീവമാക്കി മുന്നണികള്‍

ഉപതെരഞ്ഞെടുപ്പ്: പ്രചാരണം സജീവമാക്കി മുന്നണികള്‍
alternatetext

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലങ്ങളില്‍ സജീവ പ്രചരണ പരിപാടികളുമായി മുന്നണികള്‍. പാലക്കാട് മൂന്ന് മുന്നണികളുടെയും പ്രചരണ പരിപാടികള്‍ തുടരുകയാണ്.

എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ പിരായിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തും. യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വൈകീട്ട് രണ്ട് കണ്‍വൻഷനുകളാണ് നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിക്കും. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതില്‍ പി.വി അൻവറിൻ്റെ തീരുമാനം നാളെ ഉണ്ടാകും.

പി.വി അൻവറിൻ്റെ നേതൃത്വത്തില്‍ നാളെ പാലക്കാട് കണ്‍വെൻഷൻ ചേരും. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ് നാളെ നിർദേശ പത്രിക സമർപ്പിക്കും. വടക്കാഞ്ചേരി തഹസില്‍ദാറുടെ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിക്കുക.

വള്ളത്തോള്‍ നഗർ ഗ്രാമപഞ്ചായത്തിലാണ് രമ്യ ഹരിദാസിന്റെ ഇന്നത്തെ പ്രചാരണം. കൊണ്ടാഴി പഞ്ചായത്തിലാണ് സിപിഎം സ്ഥാനാർഥി യു.ആർ പ്രദീപിന്റെ സ്ഥാനാർഥി പര്യടനം. അതേസമയം പി.വി അൻവർ എംഎല്‍എ വൈകുന്നേരം എൻ കെ സുധീറിന്റെ പര്യടനത്തില്‍ പങ്കുചേരും.

ചേലക്കര ടൗണില്‍ ഡിഎംകെയില്‍ ചേരുന്നവർക്കുള്ള സ്വീകരണ പരിപാടിയിലും അൻവർ പങ്കെടുക്കും. പഴയന്നൂർ പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണന്റെ പര്യടനം. കുമ്മനം രാജശേഖരനും ബിജെപി സ്ഥാനാർഥിക്കായി വേട്ട് അഭ്യർത്ഥിക്കാൻ ചേലക്കരയിലെത്തും.