ഓര്‍മകളില്‍ ഒ.സി; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരാണ്ട്

ഓര്‍മകളില്‍ ഒ.സി; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരാണ്ട്
alternatetext

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ‘ജനകീയൻ’ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഇന്നേക്ക് ഒരുവർഷം. പുതുപ്പള്ളിയുടെ മണ്ണില്‍ ചവിട്ടിനിന്ന്, മലയാളികളെയാകെ നെഞ്ചിലേറ്റി, കേരളത്തിന്‍റെ ‘കുഞ്ഞൂഞ്ഞാ’യി വളർന്ന നാടിന്‍റെ മനംകവർന്ന നേതാവ്.

ആ ജന്മത്തിനൊപ്പം ചേർത്തുപറയാനൊരു പേരില്ലെന്നത് വിയോഗത്തിന് ഒരുവർഷത്തിനിപ്പുറവും രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കുന്നു. ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച നേതാവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിശേഷണം. മുഖ്യമന്ത്രിയായിരിക്കുമ്ബോഴും അല്ലാത്തപ്പോഴുമെല്ലാം കുഞ്ഞൂഞ്ഞിന്‍റെ ഓഫിസിലും വീട്ടിലും ജനം തിങ്ങിക്കൂടി. ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ ജനം എത്രത്തോളം സ്നേഹിച്ചുവെന്ന് തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളി വരെയെത്താൻ രണ്ട് പകലും രാവും നീണ്ട വിലാപയാത്രയില്‍ കേരളം കണ്ടു.

പുതുപ്പള്ളി പള്ളിമുറ്റത്ത് അന്ത്യനിദ്ര കൊള്ളുന്ന നേതാവിന്‍റെ കബറിടത്തില്‍ ഒരു വർഷത്തിനിപ്പുറവും ആളൊഴുക്കിന് കുറവില്ല. സന്ദർശകരില്‍ എല്ലാ രാഷ്ട്രീയത്തിലും പെട്ടവരുണ്ട്. ഉമ്മൻ ചാണ്ടിയുടെ സഹായത്തിനും സ്നേഹത്തിനും പാത്രമായവർ മാത്രമല്ല, പ്രയാസങ്ങളില്‍ വലയുന്ന മനസ്സുമായെത്തി പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ച്‌ ഉമ്മൻ ചാണ്ടിയുടെ കല്ലറക്ക് മുന്നില്‍ പ്രാർഥനയില്‍ മുഴുകുന്നവരും നിരവധി.

കോണ്‍ഗ്രസ് ഗ്രൂപ് രാഷ്ട്രീയത്തില്‍ ‘എ’ ഗ്രൂപ്പിന്‍റെ സർവ സൈന്യാധിപനായ ഉമ്മൻ ചാണ്ടി ഗ്രൂപ്പിനതീതനായി കോണ്‍ഗ്രസിനകത്തും പാർട്ടിക്ക് അതീതമായി രാഷ്ട്രീയക്കാരിലും വലിയ സൗഹൃദം സ്ഥാപിച്ചെടുത്തു. ‘അതിവേഗം ബഹുദൂരം’, ‘വികസനവും കരുതലും’ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ മുദ്രാവാക്യം. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ കൈയൊപ്പുള്ള വികസന പദ്ധതികളുമേറെ. ഐക്യകേരളപ്പിറവിക്ക് ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസ് നേരിട്ടത്.

ഏറ്റവും വലിയ ‘ക്രൗഡ് പുള്ളറു’ടെ അഭാവം കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ പ്രകടമായി കണ്ടു. അങ്ങനെയൊരു നേതാവിന്‍റെ പിൻബലമില്ലാത്ത സാഹചര്യം, അദ്ദേഹത്തിന്‍റെ ഓർമകള്‍ കത്തിച്ചുനിർത്തിയാണ് പാർട്ടി മറികടന്നത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ കുറിച്ച വാചകം ഇതാണ്. ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു…’ അവിടെയെത്തുന്ന മനുഷ്യർക്കൊപ്പം ലോകമെമ്ബാടുമുള്ള മലയാളികളും അത് നെഞ്ചേറ്റുന്നു.