ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി യുഡിഎഫ് യോഗങ്ങള്‍ ഇന്ന് ചേരും. യുഡിഎഫിന് തോല്‍വി നേരിട്ട തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയാകും. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങള്‍ യോഗം കേള്‍ക്കും.
വരാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ചര്‍ച്ചയാകും. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന് ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. അതേസമയം മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് പങ്കെടുക്കുക. വൈകീട്ട് അഞ്ചരയ്ക്ക് യുഡിഎഫ് ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടക്കും.