തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നാലു വര്‍ഷ ബിരുദ പദ്ധതിയില്‍ പരീക്ഷ നടത്തിപ്പ് പ്രശ്‌നങ്ങള്‍ക്കു പിന്നാലെ മൂല്യനിര്‍ണയം സംബന്ധിച്ചും വിമര്‍ശനം. കോളജുകളില്‍ നടത്തുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷ മൂല്യനിര്‍ണയം സുതാര്യത നഷ്ടപ്പെടുത്തുമെന്നാണ് ആക്ഷേപമുയർന്നത്.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് ഓഡ് സെമസ്റ്റര്‍ പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും സംബന്ധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വാശ്രയ കോളജുകളില്‍ ഉള്‍പ്പെടെ പരീക്ഷാക്രമക്കേടിന് ഇടയാക്കുന്ന വിധത്തില്‍ നടപ്പാക്കിയ പരിഷ്‌കാരം പുനഃപരിശോധിക്കണമെന്നാണ് കെ.പി.സി.ടി.എ അടക്കമുള്ള സംഘടനകളുടെ ആവശ്യം.
അതത് അധ്യാപകര്‍തന്നെ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് അപ്‌ലോഡ് ചെയ്യുമ്ബോള്‍ ഏതു വിദ്യാർഥിയുടേതാണെന്ന് മനസ്സിലാകുമെന്നും ഇത് മാര്‍ക്ക് തിരുത്തുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ക്കിടയാക്കുമെന്നും ഫാള്‍സ് നമ്ബറിങ്ങില്ലാത്ത പരീക്ഷാ നടത്തിപ്പ് സുതാര്യമല്ലെന്നുമാണ് വിമര്‍ശനം. താരതമ്യേന ജൂനിയര്‍മാരായ അധ്യാപകര്‍ക്ക് ചുമതല നല്‍കുന്നത് മൂല്യനിര്‍ണയത്തില്‍ അപാകതക്കിടയാക്കുമെന്നും ഒരു വിഭാഗം അധ്യാപകര്‍ പറയുന്നു.
ഒരേ വിഷയത്തില്‍തന്നെ വ്യത്യസ്ത കോളജുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ മാര്‍ക്ക് നല്‍കുന്നതില്‍ കാര്യമായ വ്യത്യാസമുണ്ടാകുന്നതായും ഇവർ ആരോപിക്കുന്നു. പരീക്ഷാഡ്യൂട്ടി സംബന്ധിച്ച് ചില കോളജ് അധ്യാപകര്‍ക്കിടയിലെ ഏകോപനമില്ലായ്മയും പ്രശ്‌നമായിട്ടുണ്ട്. നാലു വര്‍ഷ ബിരുദപദ്ധതിപ്രകാരം ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ (ഓഡ് സെമസ്റ്റര്‍) മൂല്യനിര്‍ണയം അതത് കോളജുകളിലാണ് നടത്തേണ്ടത്. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ (ഈവന്‍ സെമസ്റ്റര്‍) പരീക്ഷ മൂല്യനിര്‍ണയം കേന്ദ്രീകൃത സംവിധാനത്തിലുമാണ്.