ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിനു കീഴിൽ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.
ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. ടവർ ലൈനിനു കീഴിൽ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാൻ പോലും അനുമതി നൽകുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങൾ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകൻ അനീഷും ചേർന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂലമറ്റത്തു നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ (എൽഎംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോൾ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥർ പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി. ടവർ ലൈനിനു കീഴിൽ ഇതേ സ്ഥലത്തു കഴിഞ്ഞ വർഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു.
ഓണത്തിന് വിപണിയിൽ എത്തുന്ന രീതിയിൽ നാനൂറോളം വാഴകൾ വിളവായി നിന്നിരുന്ന കൃഷിത്തോട്ടത്തിലാണ് കെഎസ്ഇബി തെമ്മാടിത്തരം കാണിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവം കാവുംപുറം അനീഷിന്റെ അധ്വാനഫലമാണ് കുറച്ചു സമയം കൊണ്ട് നിർദ്ദാഷീണ്യം നശിപ്പിച്ചത്. സർക്കാർ തലത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴും ഒരുവശത്ത് കൃഷിക്കാരന്റെ മനോനില തകർക്കുന്ന ഇത്തരം കാഴ്ചകൾ. കഴിഞ്ഞ ദിവസം ഒരു വാഴ വൈദ്യുത ലൈനിൽ ടച്ചായി തീപിടുത്തം ഉണ്ടായതിനാലാണ് വാഴകൾ നശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തവണ നട്ട വാഴകൾക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനിൽ തട്ടി വാഴ കത്തുകയും ലൈനിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എൽഎംഎസ് വിഭാഗം അറിയിച്ചു