തിരുവനന്തപുരം: വെറ്റിനറി സർവ കലാശാലയില്‍ ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ വി.സി യെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.
സാങ്കേതിക സർവകലാശാലയില്‍ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സാമാന്തരമായി സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിച്ചതിനുസമാനമായാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. മൃഗ സംരക്ഷണ വകുപ്പാണ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
യൂനിവേഴ്സിറ്റി നിയമത്തിലുള്ള ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ ഉത്തരവ്. യൂനിവേഴ്സിറ്റി നിയമത്തില്‍ നിന്നും വ്യത്യസ്തമായി സർവകലാശാലയുടെയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും പ്രതിനിധികളെ സർക്കാർ കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും. സർവകലാശാലകളില്‍ വൈസ് ചാൻസലർ മാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോർജ്, ഗവർണറെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഫയല്‍ ചെയ്തിട്ടുള്ള ഹരജിയില്‍ നാളെ വാദം കേള്‍ക്കാനിരിക്കെയാണ് ഗവർണർ രൂപീകരിച്ച കമ്മിറ്റികള്‍ക്ക് സമാന്തരമായി സർക്കാർ പുതിയ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.