ടിമ്പർ തൊഴിലാളികൾക്ക് തൊഴിൽനിഷേധം; സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ടിമ്പർ തൊഴിലാളികൾക്ക് തൊഴിൽനിഷേധം; സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
alternatetext

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ടിമ്പർ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച പ്ലൈവുഡ് കമ്പനിയുടമകളുടെ പിടിവാശിക്കെതിരെ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എസ്ടിയുയൂണിയനുകളുടെ നേതൃത്വത്തിലാണ് വാരപ്പെട്ടി കവലയിൽ നിന്നും പഞ്ചായത്തു പടിക്കലുള്ള പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം വെച്ച് മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തു. പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികളിലെ കയറ്റിറക്ക് ജോലി ടിമ്പർ തൊഴിലാളികൾക്ക് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരു മാസത്തോളമായി ഈ ആവശ്യവുമായി യൂണിയനുകൾ സമരവുമായി രംഗത്തുണ്ടെങ്കിലും, പ്രശ്നപരിഹാരത്തിന് കമ്പനി ഉടമകൾ തയ്യാറാകാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

സംയുക്ത സമരത്തിൽ വിവിധ പാർട്ടി ഭാരവാഹികളായ മനോജ് നാരായണൻ, അബു മൊയ്തീൻ, പി.കെ.മൊയ്തു,നജീബ്.പി.എസ്, നിസാർ ഈറക്കൽ, ഇ.എസ്.സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായകെ.എം.സെയ്ത്, ഹുസൈൻ.കെ.കെ,യൂണിയൻ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിമാരായകമർ ആക്കടയിൽ,ബഷീർ ആക്കടയിൽ,ഷാജി മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.