തൃശ്ശൂരിൽ കെ മുരളീധരനെ മുൻനിർത്തി കോണ്‍ഗ്രസ് പ്രതിരോധം.

തൃശ്ശൂരിൽ കെ മുരളീധരനെ മുൻനിർത്തി കോണ്‍ഗ്രസ് പ്രതിരോധം.
alternatetext

തൃശ്ശൂരിൽ കെ മുരളീധരനെ മുൻനിർത്തി കോണ്‍ഗ്രസ് പ്രതിരോധം.പത്മജ ബി.ജെ.പിയിലേക്ക് ചാടിയതിന്‍റെ പരിക്ക് മുരളീധരൻ തൃശൂരില്‍ അങ്കത്തിന് ഇറങ്ങുന്നതിലൂടെ തീർക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലിലാണ് സ്ഥാനാർഥി പട്ടികയിലെ അപ്രതീക്ഷിത ട്വിസ്റ്റ്. കരുണാകരന്‍റെ മകള്‍ തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ സംഘ്പാളയം ചേർന്നത് കടുത്ത വിശ്വാസത്തകർച്ചയിലേക്ക് തള്ളിയിട്ട കോണ്‍ഗ്രസിന്‍റെ ഫലപ്രദമായ രാഷ്ട്രീയ നീക്കമാണ് മുരളിയുടെ മണ്ഡലമാറ്റം.

പത്മജ കാലുമാറി 24 മണിക്കൂർ തികയുംമുമ്ബ് ആ തീരുമാനമെടുത്ത ചടുലനീക്കവും കോണ്‍ഗ്രസിന് നേട്ടമായി. പത്മജയെ ചൊല്ലി പ്രതിരോധത്തിലായ പാർട്ടി ഒറ്റദിവസം കൊണ്ട് മുരളിയിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ ബി.ജെ.പി ജയപ്രതീക്ഷ വെക്കുന്ന ഏകമണ്ഡലം തൃശൂരാണ്. അവിടെ, കരുണാകരന്‍റെ മകൻ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്‍റെ പടവാള്‍ ഏറ്റെടുക്കുന്നതിലൂടെ ബി.ജെ.പി, സി.പി.എം പ്രചാരണത്തിന്‍റെ മുനയൊടിക്കാൻ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

സ്വന്തം പൈതൃകത്തെയും പാർട്ടിയേയും തളളിപ്പറഞ്ഞ് സംഘപരിവാറിലേക്ക് ഭാഗ്യാന്വേഷണം നടത്തുന്ന പത്മജയ്ക്ക് ശക്തമായ തിരിച്ചടി കൊടുക്കുക എന്ന ആലോചനയാണ് ടി.എൻ. പ്രതാപനെ മാറ്റുന്നതിലേക്ക് നയിച്ചത്. പത്മജക്ക് തിരിച്ചടി നല്‍കാൻ തിരഞ്ഞെടുത്തത് കരുണാകരൻെറ തന്നെ രക്തത്തില്‍ പിറന്ന കെ. മുരളീധരനെയും. പത്മജയ്ക്ക് തിരിച്ചടി കൊടുക്കുക എന്നാല്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കുന്നതിന് തുല്യമായി കോണ്‍ഗ്രസ് കാണുന്നു.

എ ക്ളാസ് മണ്ഡലമായി കണക്കാക്കി പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിൻെറ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി തൃശൂർ ഇങ്ങെടുക്കാൻ പരിശ്രമിക്കുന്ന ബി.ജെ.പിയെ ഏതുവിധേനയും തറ പറ്റിക്കുക എന്നതാണ് കോണ്‍ഗ്രസിൻെറ ലക്ഷ്യം. ഇതിലൂടെ നേതാക്കളെ കൂറുമാറ്റി സ്വന്തം പാളയത്തിലെത്തിച്ച്‌ നേട്ടം കൊയ്യാമെന്ന് കരുതുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിന് കനത്ത പ്രഹരം നല്‍കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻെറ പ്രതീക്ഷ.

തൃശൂരിങ്ങ് എടുക്കാൻ സർവ അടവും പയറ്റുന്ന സുരേഷ് ഗോപിയെ തോല്‍പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരുമധുര പ്രതികാരവുമുണ്ട്. പത്മജയെ ബി.ജെ.പി കൂടാരം കയറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ് ഉദ്യോഗസ്ഥൻെറ പങ്ക് പരസ്യമായി ആരോപിക്കുമ്ബോഴും ആ ഉദ്യോഗസ്ഥൻ മാത്രമല്ല മറ്റ് ചിലർക്ക് കൂടി അതില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. അതിലൊരാള്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയാണ്. കരുണാകരൻ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപിക്ക് പത്മജയുമായി നല്ല അടുപ്പമുണ്ട്. ഈ അടുപ്പവും സൗഹൃദവും ബി.ജെ.പി പ്രവേശനത്തിന് പാലമായിട്ടുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാനും ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പി. ജയരാജനെ നേരിടാനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വിസ്സമ്മതിച്ചപ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത ചരിത്രമാണ് മുരളീധരന്‍റേത്

അതേസമയം, മുരളീധരന് ഇത് അഗ്നിപരീക്ഷയാണ്. കെ.കെ. ശൈലജയാണ് എതിരാളിയെങ്കിലും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചയായ സാഹചര്യത്തില്‍ മുരളീധരന് വടകര നിലനിർത്താനാകുമെന്നായിരുന്നു വിലയിരുത്തല്‍. 1996ല്‍ പിതാവ് കെ. കരുണാകരനും 98ല്‍ തനിക്കും കാലിടറിയ തൃശൂരില്‍ കടുത്ത ത്രികോണ മത്സരമാണ്.