കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി അറിയിച്ചത്. സമരം തുടരുന്ന ആര്.ജി. കര് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്.
ആര് ജി കര് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥകള്‍ക്ക് ഇന്നെങ്കിലും അറുതി വരുമെന്ന് താന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മമത പറഞ്ഞു. സംഭവിച്ചതിനെല്ലാം ജനങ്ങളോട് മാപ്പുചോദിക്കുന്നു. രാജി വെക്കാന്‍ തയാറാണ്.
ഇനി ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത വാര്‍ത്താ സമ്മേളനത്തിലൂടെ അപേക്ഷിച്ചു. പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി താന്‍ വല്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് വരാന്‍ ഡോക്ടേഴ്സ് തയാറായില്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ രാജിവെക്കാന്‍ തയാറാകുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.