ആലുവ: തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് സ്ഥിരം മോഷണം നടത്തുന്ന രണ്ട് ബംഗാളികളെ ആലുവ പോലീസ് പിടികൂടി. ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ്, ഗോൽപൊക്കാർ സ്വദേശി അഖിൽ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 23ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടകവീട്ടിൽ നിന്നും പതിനൊന്ന് മൊബൈൽ ഫോണുകളും, ഇതരവസ്തുക്കളും മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മറ്റു ജോലികൾക്കൊന്നും പോകാത്ത ഇവർ ആഢംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നത്. മോഷ്ടിച്ച ഫോണുകൾ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൊബൈൽ കടയിൽ വിൽക്കാനായി കൊണ്ട് വന്നപ്പോൾ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
മൊബൈൽ വിറ്റ് കിട്ടുന്ന പണവുമായി രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പ്രതികൾ. പിടികൂടുമ്പോൾ രാത്രി പുറപ്പെടാനുള്ള ട്രെയിൻ ടിക്കറ്റും ഉണ്ടായിരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം, പ്രത്യേകിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം പകൽ സമയം കണ്ടു വച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി.