തൊടുപുഴ: ചൊവ്വാഴ്ച വൈകിട്ടോടെയാണ് തൊടുപുഴ കോപ്പറേറ്റീവ് ലോകോളേജിലെ വിദ്യാർത്ഥികൾ താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്ന പ്രഖ്യാപനവുമായി കെട്ടിടത്തിനു മുകളിൽ കയറി നിലയുറപ്പിച്ചത്. കഴിഞ്ഞ പ്രാവശ്യം നടന്ന പരീക്ഷയുടെ ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനെത്തിയ ഏഴോളം വിദ്യാർത്ഥികളെ ചൊവ്വാഴ്ച രാവിലെ സസ്പെന്റ് ചെയ്തിരുന്നു.
അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത പ്രിൻസിപ്പലിനെതിരെയുള്ള പ്രതിഷേധമായാണ് വിദ്യാർഥികൾ ആത്മഹത്യ ചെയ്യാൻ തയ്യാറെടുത്തത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ പോലീസും, ഫയർഫോഴ്സും, സിവിൽ ഡിഫൻസ് അംഗങ്ങളും സുരക്ഷയൊരുക്കി സംഭവസ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തു. ഡിവൈഎസ്പിയും, തഹസിൽദാറും ഉൾപ്പെടെയുള്ളവർ കോളേജ് മാനേജ്മെന്റുമായും, വിദ്യാർത്ഥികളുമായും ചർച്ചകൾ നടത്തിയെങ്കിലും രാത്രിയിലും തീരുമാനമായില്ല.
ആഹാരം കഴിക്കാതെയും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാതെയും പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥിസംഘത്തിൽ പലരും അവശനിലയിലാണ് എങ്കിലും പ്രിൻസിപ്പാളിന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാർത്ഥികൾ.