ഡല്‍ഹി : രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചോര്‍ച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി. പുതിയ പാര്‍ലമെന്റിന്റെ ലോബിയില്‍ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാര്‍ലമെന്റിനേക്കാള്‍ നല്ലത് പഴയ പാര്‍ലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാര്‍ലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
വിഷയം പരിശോധിക്കാന്‍ എല്ലാ പാര്‍ട്ടികളുടെ എംപിമാരും ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോര്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ദില്ലിയില്‍ മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ദില്ലിയില്‍ വീട് തകര്‍ന്നു വീണാണ് ഒരാള്‍ മരിച്ചത്. ഗാസിയാബാദില്‍ അമ്മയും മകനും വെള്ളക്കെട്ടില്‍ വീണു മരിച്ചു.
വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. അതേസമയം കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.