തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യും :കെ സുരേന്ദ്രൻ

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യും :കെ സുരേന്ദ്രൻ
alternatetext

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വച്ച തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചു പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീധരനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

സംസ്ഥാനത്തിന്‍റെ വികസനമാണ് പരമപ്രധാനമെന്നും അതു യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. അതിവേഗ ബദല്‍ റെയില്‍പാതയെ പറ്റിയുള്ള കാര്യങ്ങള്‍ ശ്രീധരനോട് സംസാരിച്ചു. വേഗത വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിന്‍റെ സാഹചര്യത്തില്‍ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ വിഷമിപ്പിക്കാതെ പരിസ്ഥിതി നാശമില്ലാതെ വേഗതയില്‍ എത്തുന്ന ഒരു പാതയെ പറ്റിയാണ് ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ തവണ റെയില്‍വേ മന്ത്രിയെ കാണാൻ ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ശ്രീധരൻ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

വികസനത്തിന്‍റെ പേരില്‍ കേരളത്തിന്‍റെ ഭൂപ്രകൃതി നശിപ്പിക്കുകയോ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്. കേരളത്തിന്‍റെ വികസനത്തിനൊപ്പം നില്‍ക്കുമെന്നും ഹൈസ്പീഡ് പാത സില്‍വര്‍ലൈൻ പോലെയല്ലെന്നും ശ്രീധരൻ പറഞ്ഞു