തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരില്‍ 1,43,69,092 പേർ സ്ത്രീകളാണ്.
ആകെ പുരുഷ വോട്ടർമാർ-1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ -360. കൂടുതല്‍ വോട്ടർമാരുള്ള ജില്ല മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല വയനാട് (6,42,200). കൂടുതല്‍ സ്ത്രീ വോട്ടർമാരുള്ള ജില്ല മലപ്പുറം (17,00,907). കൂടുതല്‍ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടർമാർ -90,124. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,876). സംസ്ഥാനത്ത് 25,409 പോളിങ് സ്റ്റേഷനുകളുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍കർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 63,564 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കപ്പെട്ടത്.
മരണപ്പെട്ടതും, താമസം മാറിയതും ഉള്‍പ്പെടെ 89,907 വോട്ടർമാരാണ് വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. പുതുതായി 232 പോളിങ് സ്റ്റേഷനുകള്‍ കൂട്ടിച്ചേർത്തു. 2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസർമാരുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികള്‍ക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വോട്ടർ പട്ടിക ലഭിക്കും. സ്കൂള്‍, കോളജ് തലത്തില്‍ പ്രവർത്തിക്കുന്ന ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ ഭാഗമായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിന് മുൻകൂർ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്.
മുൻകൂറായി ലഭിച്ചിട്ടുള്ള 17 വയസിനു മുകളിലുള്ളവരുടെ അപേക്ഷകള്‍ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന്, എന്നീ യോഗ്യതാ തീയതികളില്‍ 18 വയസ് പൂർത്തിയാകുന്നത് അനുസരിച്ച് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാർഡ് നല്‍കും