തൃശൂര്‍: ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ദേശീയപാതയുടെ വശങ്ങള് ഇടിഞ്ഞുതാഴുന്നു. മൂന്നടിയോളം താഴ്ച വരുന്ന ഭാഗത്താണ് റോഡ് ഇടിയുന്നത്. സ്വാതി ജങ്ഷനില്‍നിന്ന് വാനൂരിലേക്കു റോഡിന്റെ വശങ്ങളാണ് ഇടിഞ്ഞു താഴുന്നത്. സ്വാതി ജങ്ഷന് സിഗ്നല്‍ ജങ്ഷനില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണത്തോടനുബന്ധിച്ച് പുതുതായി നിര്‍മിക്കുന്ന സര്‍വീസ് റോഡിന്റെ പണി മൂലമാണ് ദേശീയപാതയുടെ വശങ്ങള് ഇടിയാന്‍ കാരണം.
സ്വാതി ജങ്ഷനില്‍നിന്ന് വടക്കഞ്ചേരി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് സൈഡ് കൊടുക്കേണ്ടി വന്നാല്‍ ഇടിഞ്ഞു കിടക്കുന്ന ഭാഗത്തുകൂടി താഴേക്ക് തലകീഴായി മറിയാനുള്ള സാധ്യത ഏറെയാണ്. ഇവിടെ താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി ഒരുക്കിയില്ലെങ്കില്‍ റോഡ് പൂര്‍ണമായും ഇടിഞ്ഞുതാഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ ഈ ഭാഗത്ത് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഇതും തകര്‍ച്ചയ്ക്ക് കാരണമായി. സര്‍വീസ് റോഡിന്റെ നിര്‍മാണം വേഗത്തിലാക്കിയില്ലെങ്കില്‍ കൂടുതല്‍ ഭാഗത്ത് വശങ്ങള് ഇടിയാന്‍ സാധ്യതയേറെയാണ്. ദേശീയപാതയില്‍ അടിപ്പാത പുനരുദ്ധരിക്കുന്നതിന്റെ പേരില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ദേശീയപാത അതോറിറ്റി കടുത്ത വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്.