ബെംഗളൂരു: നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന അഞ്ച് പേര്‍ അറസ്റ്റില്‍. ബെംഗളൂരു ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് നിരവധി രേഖകളും, സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. ഈ അഞ്ച് പേരും 2017ല്‍ ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ ജയിലിലായിരുന്നു. അതിന് ശേഷമാണ് ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്.
അഞ്ച് പേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. അതേസമയം മറ്റൊരാളെ കൂടി തിരയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു ആര്‍ടി നഗറില്‍ നിന്നുള്ളയാളാണിത്. വിദേശത്താണ് ഇയാള്‍ താമസിക്കുന്നതെന്ന് പോലീസ് പറയുന്നു. സ്‌ഫോടക വസ്തുക്കളും, ആയുധങ്ങളും അറസ്റ്റിലായവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സൂത്രധാരന്‍ ഇയാളാണെന്നും പോലീസ് അവകാശപ്പെടുന്നു.
ചോദ്യം ചെയ്യലില്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള തടിയന്റവിട നസീറുമായി അറസ്റ്റിലായവര്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത് നസീറിന്റെ പ്രേരണയിലാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ദയാനന്ദ് പറഞ്ഞു.വിദേശത്ത് നിന്ന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയയാളെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായും ബെംഗളൂരു പോലീസ് പറഞ്ഞു.