താല്‍ക്കാലിക നിയമനങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 45 ദിവസത്തിലധികം നീളുന്ന എല്ലാ താല്‍ക്കാലിക നിയമനങ്ങളിലും സംവരണം കര്‍ശനമായി നടപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.
കേന്ദ്രത്തിന്റെ നിലപാട് രേഖപ്പെടുത്തിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഈ നിര്‍ദേശം ലംഘിച്ചാല്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹരജി തീര്‍പ്പാക്കി. 2022 നവംബര്‍ 21ന് പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സണല്‍, ട്രെയിനിങ് വകുപ്പ് പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടം കേന്ദ്രം സുപ്രീംകോടതി മുമ്ബാകെ വെച്ചു.