കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടെ നിലത്തുവീണ പ്രവര്‍ത്തകയുടെ തലമുടിയില്‍ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോണ്‍ഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നല്‍കും.
അതിക്രമത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുന്നില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്ന് റിയ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ നിലത്തുവീണ റിയ നാരായണന്റെ തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചും വസ്ത്രം വലിച്ചുകീറിയുമായിരുന്നു പൊലീസിന്റെ ക്രൂരത. മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് റിയ നിലത്തുവീണത്.
ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പുരുഷ പൊലീസ് മുടി ചവിട്ടിപ്പിടിച്ചതെന്ന് റിയ പറഞ്ഞു. പിന്നാലെ വനിത പൊലീസ് വസ്ത്രം വലിച്ചുകീറി. മറ്റ് വനിത പ്രവര്‍ത്തകരുടെ ഷാള്‍ അണിയിച്ചാണ് ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. വഴിമധ്യേ പുതിയ വസ്ത്രം വാങ്ങി ധരിച്ച ശേഷമാണ് ടൗണ്‍ പൊലീസിനു മുമ്ബില്‍ ഹാജരായത്. പൊലീസുമായുള്ള ഉന്തുംതള്ളിലും പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുമായുള്ള ഉന്തും തള്ളിലും ലാത്തിച്ചാര്‍ജിലും വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്.